Saturday, 1 December 2012

വിശേഷം..! മോള്‍ക്കോ..?ഉമ്മാക്കോ..?


"ഷഹല...!" 

ഓള് എന്തോ എഴുതികൊണ്ടിരിക്കാണ്.

എന്താ ഇപ്പൊ ഈ നേരത്തിരുന്ന്‍ എഴുതാന്‍...?

 പ്രേമലേഖനം വല്ലതും ആയിരിക്കുമോ...?

ഹേയ് അതിന് വഴിയില്ല... എന്തായാലും ഓള് നിക്കാഹ് കഴിഞ്ഞ പെണ്ണല്ലേ ! ഇനി ഇപ്പൊ ഓള്‍ടെ പുയ്യാപ്ലക്ക് കത്തെഴുതുകയായിരിക്കുമോ...?

മൊബൈലും,കമ്പ്യൂട്ടറുമൊക്കെയുള്ള ഈ കാലത്ത് +2 പഠിപ്പുള്ള ഓളെ പോലൊരുത്തി അങ്ങനൊരു ബുദ്ധിമോശം കാണിക്കുമോ...?

ഓള് എഴുതണത് എന്താന്ന്‍ അറിയാനെകൊണ്ട് ഞാന്‍ ഓള്‍ടടുത്ത് ചോദിച്ച് "മോളെ ഷഹല ഇയ്യ് എന്താ ഈ എഴുതണത്...ന്ന്" അപ്പൊ ഓള് ന്‍റ്ടുത്ത് പറയാണ് "മനസ്സ് വേദന വന്നപ്പോ അതിനെക്കുറിച്ച്‌ എഴുതിയതാ മാമാ...ന്ന്"
ഇത് എന്താപ്പാ ഈ മനസ്സ് വേദന...? തല വേദനാ..ന്ന് കേട്ട്ക്ക്ണ്.
ഹും.....ഇങ്ങനെ പോയാല് പടച്ചോനാണെ ഓള് ഞമ്മക്ക് തല വേദനയാവും.

                                      സത്യത്തില്‍ ഓള് എഴുതണത് ഓള്‍ടെ ഉമ്മ റുക്കിയ അടുത്ത വീട്ടിലെ റംലത്തയോട് പറഞ്ഞ കാര്യത്തെക്കുറിച്ചാണ്.അതായത് ഷഹലയുടെ ഉമ്മുമാക്ക്, എന്ന് വച്ചാല്‍ റുക്കിയയുടെ ഉമ്മാക്ക് ഓള് അടക്കം അഞ്ച് മക്കളാണ്.അതില്‍ ഇളയത് റുക്കിയയും.ചെറുപ്പത്തില് ഓള്‍ടെ കുടുംബത്തിലും, ആ നാട്ടിലും പതിനെട്ട് വയസ്സ് തികഞ്ഞ കല്യാണം കഴിയാത്ത ഒരു യുവതിയെപോലും കാണാന്‍ കിട്ടില്ലായിരുന്നു.പോരാത്തതിന് പതിനെട്ട് വയസ്സ് തികയുമ്പോഴേക്കും അവര്‍ രണ്ട് കുട്ടികളുടെയെങ്കിലും ഉമ്മയായിട്ടുണ്ടാകും.പെറാന്‍ തുടങ്ങിയാല്‍ പത്തോ-പതിനൊന്നോ കുട്ടികളായിട്ടെ നിര്‍ത്തുള്ളു.അതാ കണക്ക്.
     
                                                                                      രസം എന്തെന്ന് വച്ചാല്‍... കുടുംബത്തിലെ മൂത്തത് ആണാണെങ്കില്‍ ഓന്‍റെ ഭാര്യടെ ആദ്യ പ്രസവ സമയത്തായിരിക്കും ഓന്‍റെ ഉമ്മന്‍റെ പതിനൊന്നാമത്തെ പ്രസവം ഉണ്ടാവുക.ഒരേസമയം,ഒരു പൊരയില്, പേറ്റു നോവനുഭവിക്കുന്ന രണ്ട് സ്ത്രീ കഥാപാത്രങ്ങള്‍.

ആ ഉമ്മേടെ മോന്‍ ആരുടെ പ്രസവാമാണ് നോക്കേണ്ടത്...?

തന്നെ പൊന്നുപോലെ നോക്കി വളര്‍ത്തിയ ഉമ്മയുടേതോ....?

തന്‍റെ ഖല്‍ബായ സ്വന്തം ഭാര്യയുടേതോ....?

പ്രസവ സമയത്ത് ആ വാപ്പയും,മകനും മുഖത്തോട് മുഖം നോക്കി പ്രസവ മുറിക്ക് പുറത്ത് നില്‍ക്കുന്ന രംഗം ഒന്ന് ഓര്‍ത്തു നോക്കിയേ...? പിന്നെ രണ്ടാളുടെയും മക്കള്‍ ജനിച്ചതിന് ശേഷമാണ് അങ്കലാപ്പ്.ഉമ്മയുടേത് പെണ്‍കുഞ്ഞും,മകന്‍റത് ആണുമാണെങ്കില്‍ ആണ്‍കുട്ടി ഓന്‍റെ പ്രായമുള്ള പെണ്‍കുട്ടിയെ അമ്മായി എന്ന് വിളിക്കണ്ടേ...?വിളിക്കണം..!      

ഷഹല എഴുതിയ ബഹുവിശേഷമായ ഈ സംഭവങ്ങള്‍ പണ്ട് നമ്മുടെ നാട്ടില്‍ നടന്ന കാര്യങ്ങളാണ്.പിന്നെ ഓള് ഇത് എഴുതാനിടയായ കാരണം വേറൊന്നാണ്.അത് ഓള് തന്നെ പറയട്ടെ...

"രണ്ട് ദിവസം മുന്‍പ്‌ വാപ്പ വിളിച്ചിരുന്നു.വാപ്പ പേര്‍ഷ്യയില്‍ നിന്നും അടുത്താഴ്ച എത്തും. നിക്കാഹിന് പോലും വരാന്‍ പറ്റാതിരുന്ന വാപ്പ, ന്‍റെ കല്യാണോം കഴിഞ്ഞ് മെല്ലെ പോണുള്ളു...ന്ന്!
അഞ്ച് വര്‍ഷം മുന്‍പാണ് വാപ്പ അവസാനം വന്നത്.അപ്പൊ മൂപ്പര്‍ക്ക് ഒരു കുഞ്ഞിക്കാല് കാണണം...ന്നൊരു പൂതി ഉണ്ടായിരുന്നു.പക്ഷേ ഉമ്മാന്‍റെ ഗര്‍ഭം അലസിപോയേനെകൊണ്ട് ഓര്ടെ പൂതി നടന്നില്ല.ഇനി എങ്ങാനും ഈ വരവില് വാപ്പാക്ക് ഒരു കുഞ്ഞിക്കാല് കാണണം...ന്ന് തോന്നിയാല്‍ അടുത്ത വര്‍ഷം ഈ സമയത്ത് ഞാനും ന്‍റെ ഉമ്മേം പ്രസവ വാര്‍ഡിലുണ്ടാവും.
പുറത്ത്‌ മുഖത്തോട് മുഖം നോക്കി നില്‍ക്കാന്‍ ന്‍റെ കെട്ടിയോനും,വാപ്പയും........

പടച്ചോനെ........!

ഓള് പറഞ്ഞത് സത്യാ...  ഇനി...
ഷഹലന്‍റെ കല്യാണം കഴിഞ്ഞ ദിവസം തൊട്ട് വിശേഷം എന്നൊരു വാക്ക് കേട്ടാല്‍ നാട്ടുകാര് ചോദിക്കും....

"വിശേഷം..! മോള്‍ക്കോ..?ഉമ്മാക്കോ..?"

Story     : Rashiq.K.S
Written  : Nidhil Ramesh

Tuesday, 20 November 2012

"Empty Bottle(കാലിക്കുപ്പി)"

                                       കഴിവുള്ളവനാണ് കലാകാരന്‍ അതില്ലാത്തവന്‍ വെറും കാഴ്ച്ചക്കാരനാണ്.ഒന്നിനും കൊള്ളാത്തവര്‍ എന്ന പട്ടം ചാര്‍ത്തി കിട്ടിയ ഞാനുള്‍പ്പെടെയുള്ള എല്ലാവരും കാഴ്ച്ചക്കാരാണ്.പരമ പുച്ഛവും, പരിഹാസവും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട കാഴ്ച്ചക്കാരന്‍....
                                  ഒന്നിനും കൊള്ളാത്തവന്‍ എന്ന ആക്ഷേപം കേള്‍ക്കേണ്ടിവരുമ്പോഴും , Show case-ല്‍ നിരത്തിവെച്ച ഞാന്‍ നേടിയിട്ടില്ലാത്ത Trophy-കള്‍ എന്നെ വെല്ലു വിളിക്കുമ്പോഴും
എനിക്കറിയാമായിരുന്നു ഞാന്‍ ഒരു കലാകാരനല്ല സമൂഹം ഒന്നിനും കൊള്ളാത്തവന്‍ എന്ന് വിളിക്കുന്ന  കാഴ്ച്ചക്കാരനാണെന്ന്.എങ്കില്‍ എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്
'കേരള സമൂഹത്തില്‍ 
കലാകാരന്മാരെക്കാളധികം  കാഴ്ചക്കാരാണ്'
അതുകൊണ്ട്തന്നെ ഞാന്‍ എന്ന കാഴ്ച്ചക്കാരന്‍ ഒരിക്കലും ഒറ്റപെടില്ല , കാരണം കാഴ്ച്ചക്കാര്‍ക്കിടയില്‍ മത്സരമില്ല,തന്നെക്കാള്‍ വലിയ കാഴ്ച്ചക്കാരന്‍ പിറവിയെടുക്കും എന്ന ആശങ്കയില്ല.സമത്വ സുന്ദരമായ ആശയം ഫലപ്രദമാവുന്നത് ഈ മനസ്സുകളിലാണ്.
                                                                                    വലിച്ചെറിയപ്പെടുന്ന ശൂന്യമായ പാഴ്ക്കുപ്പികളില്‍ ഞാന്‍ കണ്ടത് കാഴ്ച്ചക്കാരുടെ പ്രതിബിംബമാണ്.ഈ ബ്ലോഗിന് Empty Bottle(കാലിക്കുപ്പി ) എന്ന പേര് നല്‍കിയതും ആ നിരീക്ഷണത്തില്‍ നിന്നാണ്. ഈ ബ്ലോഗ്‌ ഒരിക്കലും ഒരു എഴുത്തുകാരന്‍റെ സാഹിത്യ സൃഷ്ടികള്‍ പകര്‍ത്തിവെക്കാന്‍ വേണ്ടിയുള്ളതല്ല.ഞാന്‍ എന്ന കാഴ്ച്ചക്കാരന്‍റെ അനുഭവങ്ങള്‍ പങ്കുവെക്കാനുള്ളതാണ്.